Psalm 8 in Malayalam

1 സംഗീതപ്രമാണിക്ക് ഗത്ത്യവാദ്യത്തിൽ ആലപിച്ച; ദാവീദിന്റെ ഒരു സങ്കീർത്തനം. ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിൽ എല്ലായിടവും എത്ര ശ്രേഷ്ഠമായിരിക്കുന്നു! നീ ആകാശത്തിനു മീതെ നിന്റെ തേജസ്സു വച്ചിരിക്കുന്നു.

2 നിന്റെ വൈരികൾനിമിത്തം, ശത്രുവിനെയും പ്രതിയോഗിയെയും നിശ്ശബ്ദരാക്കുവാൻ, നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്ന് ബലം നിയമിച്ചിരിക്കുന്നു.

3 നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,

4 മർത്യനെ നീ ഓർക്കേണ്ടതിന് അവൻ എന്തുള്ളു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന് അവൻ എന്തുമാത്രം?

5 നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.

6 നിന്റെ കൈകളുടെ പ്രവൃത്തികൾക്ക് നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു;

7 ആടുകളെയും കാളകളെയും കാട്ടിലെ മൃഗങ്ങളെയും

8 ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും സമുദ്രമാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്ന സകലത്തെയും തന്നെ.

9 ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!