Psalm 30 in Malayalam

1 ആലയപ്രതിഷ്ടാഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ഞാൻ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്റെ ശത്രുക്കൾ എന്നെക്കുറിച്ച് സന്തോഷിക്കുവാൻ നീ സന്ദർഭം ഉണ്ടാക്കിയതുമില്ല.

2 എന്റെ ദൈവമായ യഹോവേ, ഞാൻ നിന്നോട് നിലവിളിച്ചു; നീ എന്നെ സൗഖ്യമാക്കുകയും ചെയ്തു.

3 യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തിൽനിന്ന് കയറ്റിയിരിക്കുന്നു; കുഴിയിൽ ഇറങ്ങി പോകുന്നവരുടെ ഇടയിൽനിന്ന് നീ എനിക്ക് ജീവരക്ഷ വരുത്തിയിരിക്കുന്നു.

4 യഹോവയുടെ വിശുദ്ധന്മാരേ, അവന് സ്തുതിപാടുവിൻ; അവന്റെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്‌വിൻ.

5 അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളത്; സന്ധ്യയ്ക്ക് കരച്ചിൽ വന്ന് രാത്രിയിൽ വസിക്കും; ഉഷസ്സിലാകട്ടെ ആനന്ദഘോഷം വരുന്നു.

6 “ഞാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല” എന്ന് എന്റെ സുരക്ഷിതകാലത്ത് ഞാൻ പറഞ്ഞു.

7 യഹോവേ, നിന്റെ പ്രസാദത്താൽ നീ എന്റെ പർവ്വതത്തെ ഉറച്ചു നില്ക്കുമാറാക്കി; നീ നിന്റെ മുഖം മറച്ചു, ഞാൻ ഭ്രമിച്ചുപോയി.

8 യഹോവേ, ഞാൻ നിന്നോട് നിലവിളിച്ചു; യഹോവയോട് ഞാൻ യാചിച്ചു.

9 ഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്റെ രക്തംകൊണ്ട് എന്ത് ലാഭമാണുള്ളത്? ധൂളി നിന്നെ സ്തുതിക്കുമോ? അത് നിന്റെ സത്യം പ്രസ്താവിക്കുമോ?

10 യഹോവേ, കേൾക്കണമേ; എന്നോടു കരുണയുണ്ടാകണമേ; യഹോവേ, എന്റെ രക്ഷകനായിരിക്കണമേ.

11 നീ എന്റെ വിലാപത്തെ നൃത്തമാക്കിത്തീർത്തു; എന്റെ ചണവസ്ത്രം നീ അഴിച്ച് എന്നെ സന്തോഷം ധരിപ്പിച്ചിരിക്കുന്നു;

12 ഞാൻ മൗനമായിരിക്കാതെ നിനക്ക് സ്തുതി പാടേണ്ടതിനു തന്നെ. എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും നിനക്ക് സ്തോത്രം ചെയ്യും.