Genesis 2 in Malayalam

1 ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു.

2 ദൈവം സൃഷ്ടി കർമ്മം പൂർത്തിയാക്കി സകലപ്രവൃത്തിയിൽനിന്നും ഏഴാം ദിവസം വിശ്രമിച്ചു.

3 താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്ന് അവിടുന്ന് വിശ്രമിച്ചതുകൊണ്ട് ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.

4 യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തിവിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയിൽ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളച്ചിരുന്നതുമില്ല.

5 യഹോവയായ ദൈവം ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല; നിലത്ത് വേല ചെയ്യുവാൻ മനുഷ്യനും ഉണ്ടായിരുന്നില്ല.

6 ഭൂമിയിൽ നിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനച്ചുവന്നു.

7 യഹോവയായ ദൈവം നിലത്തെ പൊടികൊണ്ട് മനുഷ്യനെ നിർമ്മിച്ചിട്ട് അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിതീർന്നു.

8 അനന്തരം യഹോവയായ ദൈവം കിഴക്ക് ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, അവിടുന്ന് സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.

9 കാണാൻ ഭംഗിയുള്ളതും ഭക്ഷ്യയോഗ്യവുമായ എല്ലാ ഫലങ്ങളും ഉള്ള വൃക്ഷങ്ങളും, തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും, യഹോവയായ ദൈവം നിലത്തുനിന്നു മുളപ്പിച്ചു.

10 തോട്ടം നനയ്ക്കുവാൻ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു; അത് അവിടെനിന്ന് നാലു കൈവഴിയായി പിരിഞ്ഞു.

11 ഒന്നാമത്തേതിന് പീശോൻ എന്ന് പേർ; അത് ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ട്.

12 ആ ദേശത്തിലെ പൊന്ന് മേൽത്തരമാകുന്നു; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ട്.

13 രണ്ടാം നദിക്ക് ഗീഹോൻ എന്നു പേർ; അത് കൂശ്‌ദേശമൊക്കെയും ചുറ്റുന്നു.

14 മൂന്നാം നദിക്ക് ഹിദ്ദേക്കെൽ എന്ന് പേർ; അത് അശ്ശൂരിനു കിഴക്കോട്ട് ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു.

15 യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻ തോട്ടത്തിൽ വേല ചെയ്യുവാനും അതിനെ സൂക്ഷിക്കുവാനും അവിടെ ആക്കി.

16 യഹോവയായ ദൈവം മനുഷ്യനോട് കല്പിച്ചത് എന്തെന്നാൽ: “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്ക് ഇഷ്ടംപോലെ തിന്നാം.

17 എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുത്; തിന്നുന്ന നാളിൽ നീ നിശ്ചയമായി മരിക്കും.”

18 അനന്തരം യഹോവയായ ദൈവം: “മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല; ഞാൻ അവന് തക്കതായൊരു തുണയെ ഉണ്ടാക്കിക്കൊടുക്കും” എന്ന് അരുളിച്ചെയ്തു.

19 യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തുനിന്നു നിർമ്മിച്ചിട്ട് മനുഷ്യൻ അവയ്ക്ക് എന്ത് പേരിടുമെന്ന് കാണുവാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും ആദാം ഇട്ടത് അവയ്ക്ക് പേരായി.

20 ആദാം എല്ലാകന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാകാട്ടുമൃഗങ്ങൾക്കും പേരിട്ടു; എങ്കിലും മനുഷ്യനു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല.

21 ആകയാൽ യഹോവയായ ദൈവം മനുഷ്യന് ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്ന് എടുത്ത് അതിനു പകരം മാംസം പിടിപ്പിച്ചു.

22 യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു.

23 അപ്പോൾ ആദാം; “ഇത് ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്ന് എടുത്തിരിക്കുകയാൽ ഇവൾക്ക് നാരി എന്ന് പേരാകും” എന്നു പറഞ്ഞു.

24 അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞ് ഭാര്യയോടു പറ്റിച്ചേരും; അവർ ഒരുദേഹമായി തീരും.

25 മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവർക്ക് നാണം തോന്നിയതുമില്ല.