2 Chronicles 16 in Malayalam

1 ആസ വാഴ്ച തുടങ്ങി മുപ്പത്താറാം ആണ്ടിൽ യിസ്രായേൽ രാജാവായ ബയെശാ യെഹൂദക്കെതിരെ പുറപ്പെട്ടു; ആസയുടെ അടുക്കൽ വരുകയോ പോകയോ ചെയ്യാൻ ആരെയും സമ്മതിക്കാതെ രാമയെ ഉറപ്പായി പണിതു.

2 അപ്പോൾ ആസ, യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങളിൽനിന്ന് വെള്ളിയും പൊന്നും എടുത്ത് ദമ്മേശെക്കിൽ വസിച്ച അരാം രാജാവായ ബെൻ-ഹദദിന് കൊടുത്തയച്ചു:

3 എന്റെ അപ്പനും നിന്റെ അപ്പനും തമ്മിൽ സഖ്യതയുണ്ടായിരുന്നതുപോലെ നമുക്കു തമ്മിൽ സഖ്യതയിൽ ഏർപ്പെടാം; ഇതാ, ഞാൻ നിനക്ക് വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രായേൽ രാജാവായ ബയെശാ എന്നെ വിട്ടുപോകേണ്ടതിന് നീ അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്ന് പറഞ്ഞു.

4 ബെൻ-ഹദദ് ആസാരാജാവിന്റെ വാക്കു കേട്ട് തന്റെ സേനാധിപതിമാരെ യിസ്രായേൽ പട്ടണങ്ങൾക്കു നേരെ അയച്ചു; അവർ ഈയോനും ദാനും ആബേൽ-മയീമും നഫ്താലിയുടെ സകല സംഭരണ നഗരങ്ങളും പിടിച്ചടക്കി.

5 ബയെശാ അതു കേട്ടപ്പോൾ രാമയെ പണിയുന്നത് നിർത്തി വെച്ചു.

6 അപ്പോൾ ആസാ രാജാവ് എല്ലാ യെഹൂദ്യരെയും കൂട്ടി, ബയെശാ പണിത രാമയുടെ കല്ലും മരവും എടുത്തു കൊണ്ടുപോയി; അവൻ അവ കൊണ്ട് ഗേബ, മിസ്പ,എന്നീ പട്ടണങ്ങൾ പണിതു.

7 ആ കാലത്ത് ദർശകനായ ഹനാനി യെഹൂദാരാജാവായ ആസയുടെ അടുക്കൽ വന്ന് അവനോടു പറഞ്ഞത് എന്തെന്നാൽ: “നീ നിന്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ അരാം രാജാവിൽ ആശ്രയിക്ക കൊണ്ട് അരാം രാജാവിന്റെ സൈന്യം നിന്റെ കയ്യിൽനിന്ന് രക്ഷപെട്ടിരിക്കുന്നു.

8 എത്യോപ്യരും, ലൂബ്യരും അനവധി രഥങ്ങളോടും കുതിരപ്പടയാളികളോടും കൂടിയ ഒരു മഹാ സൈന്യമായിരുന്നില്ലയോ? എന്നാൽ നീ യഹോവയിൽ ആശ്രയിക്ക കൊണ്ട് യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിച്ചുതന്നു.

9 യഹോവയുടെ കണ്ണ് തന്നിൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നേത്തന്നെ ബലവാൻ എന്ന് കാണിക്കേണ്ടതിന് ഭൂമിയിലെല്ലാടവും നോക്കിക്കൊണ്ടിരിക്കുന്നു; ഇക്കാര്യത്തിൽ നീ ഭോഷത്തം പ്രവർത്തിച്ചിരിക്കുന്നു; അതുകൊണ്ട് ഇനി നിനക്ക് യുദ്ധങ്ങൾ ഉണ്ടാകും.”

10 അപ്പോൾ ആസ ദർശകനോട് കോപിച്ച് അവനെ കാരാഗൃഹത്തിൽ ആക്കി; ഈ കാര്യം ആസയെ ഉഗ്രകോപിയാക്കി. ആ നാളുകളിൽ ആസ ജനത്തിൽ ചിലരെ പീഡിപ്പിക്കയും ചെയ്തു.

11 ആസയുടെ വൃത്താന്തങ്ങൾ ആദ്യവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നുവല്ലോ.

12 തന്റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം ആണ്ടിൽ ആസയുടെ കാലുകളിൽ അതികഠിനമായ രോഗം പിടിച്ചു; എന്നാൽ അവൻ തന്റെ രോഗത്തിൽ യഹോവയെ അല്ല, വൈദ്യന്മാരെ അത്രേ അന്വേഷിച്ചത്.

13 ആസാ തന്റെ വാഴ്ചയുടെ നാൽപ്പത്തൊന്നാം ആണ്ടിൽ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു.

14 അവൻ ദാവീദിന്റെ നഗരത്തിൽ തനിക്കായി ഉണ്ടാക്കിയിരുന്ന കല്ലറയിൽ അവർ അവനെ അടക്കം ചെയ്തു; വൈദ്യന്മാരുടെ വിധി പ്രകാരം ഉണ്ടാക്കിയ സുഗന്ധവർഗ്ഗവും പലതരം പരിമളസാധനങ്ങളും നിറെച്ചിരുന്ന ശയ്യമേൽ അവനെ കിടത്തുകയും അവനു വേണ്ടി വലിയോരു ദഹനം ഉണ്ടാക്കുകയും ചെയ്തു.