Psalm 93 in Malayalam

1 യഹോവ വാഴുന്നു; അവൻ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ശക്തികൊണ്ട് അര മുറുക്കിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറച്ചുനില്ക്കുന്നു.

2 നിന്റെ സിംഹാസനം പുരാതനമേ സ്ഥാപിക്കപ്പെട്ടിരിക്കുന്നു; നീ അനാദിയായുള്ളവൻ തന്നെ.

3 യഹോവേ, പ്രവാഹങ്ങൾ ഉയർത്തുന്നു; പ്രവാഹങ്ങൾ ശബ്ദം ഉയർത്തുന്നു; പ്രവാഹങ്ങൾ തിരമാലകൾ ഉയർത്തുന്നു.

4 സമുദ്രത്തിലെ വൻതിരകളുടെ ശബ്ദത്തെക്കാളും പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും ഉയരത്തിൽ യഹോവ മഹിമയുള്ളവൻ.

5 നിന്റെ സാക്ഷ്യങ്ങൾ എത്രയും ഉറപ്പുള്ളവ; യഹോവേ, വിശുദ്ധി നിന്റെ ആലയത്തെ എന്നേക്കും അലങ്കരിക്കുന്നു.