Psalm 85 in Malayalam

1 സംഗീതപ്രമാണിക്ക്; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. യഹോവേ, നീ നിന്റെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു; യാക്കോബിന്റെ പ്രവാസികളെ മടക്കി വരുത്തിയിരിക്കുന്നു.

2 നിന്റെ ജനത്തിന്റെ അകൃത്യം നീ മോചിച്ചു; അവരുടെ പാപം സകലവും നീ മൂടിക്കളഞ്ഞു. സേലാ.

3 നിന്റെ ക്രോധത്തിന്റെ ഭയാനകതയിൽ നിന്ന് നീ പിന്മാറിയിരിക്കുന്നു.

4 ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ; ഞങ്ങളോടുള്ള നിന്റെ നീരസം മതിയാക്കണമേ.

5 നീ സദാകാലവും ഞങ്ങളോട് കോപിക്കുമോ? തലമുറതലമുറയോളം നിന്റെ കോപം നിലനില്ക്കുമോ?

6 നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിന് നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കുകയില്ലയോ?

7 യഹോവേ,ഞങ്ങളോട് ദയ കാണിക്കണമേ; നിന്റെ രക്ഷ ഞങ്ങൾക്ക് നല്കണമേ.

8 യഹോവയായ ദൈവം അരുളിച്ചെയ്യുന്നത് ഞാൻ കേൾക്കും; അവൻ തന്റെ ജനത്തിനും തന്റെ ഭക്തന്മാർക്കും സമാധാനം അരുളും.അവർ ഭോഷത്തത്തിലേക്ക് വീണ്ടും തിരിയാതിരിക്കട്ടെ.

9 തിരുമഹത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന് അവന്റെ രക്ഷ അവന്റെ ഭക്തന്മാർക്ക് സമീപമായിരിക്കുന്നു, നിശ്ചയം.

10 ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു. നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു.

11 വിശ്വസ്തത ഭൂമിയിൽനിന്ന് മുളയ്ക്കുന്നു; നീതി സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു.

12 യഹോവ നന്മ നല്കുകയും നമ്മുടെ ദേശം വിളവ് തരുകയും ചെയ്യും.

13 നീതി അവന് മുമ്പായി നടക്കുകയും അവന്റെ കാൽചുവടുകൾ നമുക്ക് പാതയാകുകയും ചെയ്യും.