Psalm 76 in Malayalam

1 സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം. ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു; അവന്റെ നാമം യിസ്രായേലിൽ വലിയതാകുന്നു.

2 അവന്റെ കൂടാരം ശാലേമിലും അവന്റെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു.

3 അവിടെവച്ച് അവൻ മിന്നുന്ന അമ്പുകളും,യുദ്ധായുധങ്ങളായ പരിചയും വാളും തകർത്തുകളഞ്ഞു. സേലാ.

4 ശാശ്വതപർവ്വതങ്ങളെക്കാൾ നീ തേജസ്സും മഹിമയും ഉള്ളവനാകുന്നു.

5 ധൈര്യശാലികളെ കൊള്ളയിട്ടു; അവർ നിദ്രപ്രാപിച്ചു; പരാക്രമശാലികളായ ആർക്കും കൈക്കരുത്തില്ലാതെ പോയി.

6 യാക്കോബിന്റെ ദൈവമേ, നിന്റെ ശാസനയാൽ തേരും കുതിരയും ഗാഢനിദ്രയിൽ വീണു.

7 നീ ഭയങ്കരനാകുന്നു; നീ കോപിച്ചാൽ തിരുമുമ്പാകെ നില്ക്കാൻ കഴിയുന്നവൻ ആര്?

8 സ്വർഗ്ഗത്തിൽനിന്ന് നീ വിധി കേൾപ്പിച്ചു; ഭൂമിയിലെ സാധുക്കളെയെല്ലാം രക്ഷിക്കുവാൻ

9 ദൈവം ന്യായവിസ്താരത്തിന് എഴുന്നേറ്റപ്പോൾ ഭൂമി ഭയപ്പെട്ട് നിശ്ശബ്ദമായിരുന്നു. സേലാ.

10 മനുഷ്യന്റെ ക്രോധം നിന്നെ സ്തുതിക്കും നിശ്ചയം; ശേഷിക്കുന്ന ക്രോധം നീ അരയ്ക്ക് കെട്ടും.

11 നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് നേരുകയും നിവർത്തിക്കുകയും ചെയ്യുവിൻ; അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടേണ്ടവന് കാഴ്ചകൊണ്ടുവരട്ടെ.

12 അവൻ പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും; ഭൂമിയിലെ രാജാക്കന്മാർക്ക് അവൻ ഭയങ്കരനാകുന്നു.