Psalm 65 in Malayalam

1 സംഗീതപ്രമാണിക്ക്; ഒരു സങ്കീർത്തനം; ദാവീദിന്റെ ഒരു ഗീതം. ദൈവമേ, സീയോനിൽ നിന്നെ സ്തുതിക്കുന്നത് യോഗ്യം തന്നെ; നിനക്കു തന്നെ നേർച്ച കഴിക്കുന്നു.

2 പ്രാർത്ഥന കേൾക്കുന്ന ദൈവമേ, സകലജഡവും നിന്റെ അടുക്കലേക്ക് വരുന്നു.

3 എന്റെ അകൃത്യങ്ങൾ എന്റെ നേരെ പ്രബലമായിരിക്കുന്നു; അങ്ങ് ഞങ്ങളുടെ അതിക്രമങ്ങൾക്ക് പരിഹാരം വരുത്തും.

4 നിന്റെ പ്രാകാരങ്ങളിൽ വസിക്കേണ്ടതിന് നീ തിരഞ്ഞെടുത്ത് അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; ഞങ്ങൾ നിന്റെ വിശുദ്ധമന്ദിരമായ നിന്റെ ആലയത്തിലെ നന്മകൊണ്ട് തൃപ്തരാകും.

5 ഭൂമിയുടെ അറുതികൾക്കും ദൂരത്തുള്ള സമുദ്രത്തിനും ആശ്രയമായിരിക്കുന്ന ഞങ്ങളുടെ രക്ഷയായ ദൈവമേ, നീ ഭയങ്കരകാര്യങ്ങളാൽ നീതിയോടെ ഞങ്ങൾക്ക് ഉത്തരമരുളുന്നു.

6 അവൻ ബലം അരയ്ക്ക് കെട്ടിക്കൊണ്ട് തന്റെ ശക്തിയാൽ പർവ്വതങ്ങളെ ഉറപ്പിക്കുന്നു.

7 അവൻ സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ കോപവും ജനതകളുടെ കലഹവും ശമിപ്പിക്കുന്നു.

8 ഭൂസീമാവാസികളും നിന്റെ അടയാളങ്ങൾ നിമിത്തം ഭയപ്പെടുന്നു; ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകളെ നീ ഘോഷിച്ചുല്ലസിക്കുമാറാക്കുന്നു.

9 നീ ഭൂമിയെ സന്ദർശിച്ച് നനയ്ക്കുന്നു; നീ അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു; ദൈവത്തിന്റെ നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു; ഇങ്ങനെ നീ ഭൂമിയെ ഒരുക്കി അവർക്ക് ധാന്യം കൊടുക്കുന്നു.

10 നീ അതിന്റെ ഉഴവുചാലുകളെ നനയ്ക്കുന്നു; നീ അതിന്റെ കട്ട ഉടച്ച് നിരത്തുന്നു; മഴയാൽ നീ അതിനെ കുതിർക്കുന്നു; അതിലെ മുളയെ നീ അനുഗ്രഹിക്കുന്നു.

11 നീ സംവത്സരത്തെ നിന്റെ നന്മകൊണ്ട് അലങ്കരിക്കുന്നു; നിന്റെ പാതകൾ പുഷ്ടിപൊഴിക്കുന്നു.

12 മരുഭൂമിയിലെ പുല്പുറങ്ങൾ പുഷ്ടിപൊഴിക്കുന്നു; കുന്നുകൾ ഉല്ലാസം ധരിക്കുന്നു.

13 മേച്ചല്പുറങ്ങൾ ആട്ടിൻകൂട്ടങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു; താഴ്വരകൾ ധാന്യംകൊണ്ട് മൂടിയിരിക്കുന്നു; അവ ആർക്കുകയും പാടുകയും ചെയ്യുന്നു.