Psalm 49 in Malayalam

1 സംഗീതപ്രമാണിക്ക്; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. സകല ജനതകളുമേ, ഇത് കേൾക്കുവിൻ; സകലഭൂവാസികളുമേ, ശ്രദ്ധിക്കുവിൻ.

2 സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നെ.

3 എന്റെ അധരം ജ്ഞാനം പ്രസ്താവിക്കും; എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നെ ആയിരിക്കും.

4 ഞാൻ സദൃശവാക്യത്തിന് എന്റെ ചെവിചായിക്കും; കിന്നരനാദത്തോടെ എന്റെ കടങ്കഥ കേൾപ്പിക്കും.

5 ആപത്തുകാലത്ത്, ശത്രുക്കൾ എന്റെ ചുറ്റും കൂടുമ്പോൾ ഞാൻ ഭയപ്പെടുകയില്ല.

6 തന്റെ സമ്പത്തിൽ ആശ്രയിക്കുകയും ധനസമൃദ്ധിയിൽ പ്രശംസിക്കുകയും ചെയ്യുന്ന ഒരുവനും തന്റെ

7 സഹോദരൻ ശവക്കുഴി കാണാതെ എന്നേക്കും ജീവിച്ചിരിക്കേണ്ടതിന്

8 അവനെ വീണ്ടെടുക്കുവാനോ ദൈവത്തിന് വീണ്ടെടുപ്പുവില കൊടുക്കുവാനോ കഴിയുകയില്ല.

9 അവരുടെ പ്രാണന്റെ വീണ്ടെടുപ്പ് വിലയേറിയത്; അത് ഒരുനാളും സാധിക്കുകയില്ല.

10 ജ്ഞാനികൾ മരിക്കുകയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കുകയും അവരുടെ സമ്പാദ്യം മറ്റുള്ളവർക്ക് വിട്ടിട്ട് പോകുകയും ചെയ്യുന്നത് കാണുന്നുവല്ലോ.

11 തങ്ങളുടെ ഭവനങ്ങൾ ശാശ്വതമായും അവരുടെ വാസസ്ഥലങ്ങൾ തലമുറതലമുറയായും നില്ക്കും എന്നാകുന്നു അവരുടെ വിചാരം; അവരുടെ നിലങ്ങൾക്ക് അവർ അവരുടെ പേരിടുന്നു.

12 എന്നാൽ മനുഷ്യൻ ബഹുമാനത്തിൽ നിലനില്ക്കുകയില്ല. അവൻ നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യൻ.

13 ഇത് സ്വാശ്രയക്കാരുടെ ഭവിഷ്യത്താകുന്നു; അവരുടെ വാക്കുകൾ അനുസരിക്കുന്ന അവരുടെ പിൻതലമുറക്കാരുടെയും ഗതി ഇതു തന്നെ. സേലാ.

14 അവരെ ആടുകളെപ്പോലെ പാതാളത്തിന് ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവർ പ്രഭാതത്തിൽ അവരുടെമേൽ വാഴും; അവരുടെ സൗന്ദര്യം ഇല്ലാതെയാകും; പാതാളം അവരുടെ പാർപ്പിടം.

15 എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽനിന്ന് വീണ്ടെടുക്കും; അവൻ എന്നെ കൈക്കൊള്ളും. സേലാ.

16 ഒരുവൻ ധനവാനായി ഭവിച്ചാലും അവന്റെ ഭവനത്തിന്റെ മഹത്വം വർദ്ധിച്ചാലും നീ ഭയപ്പെടരുത്.

17 അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകുകയില്ല; അവന്റെ മഹത്വം അവനെ അനുഗമിക്കുകയുമില്ല.

18 അവൻ ജീവനോടിരുന്നപ്പോൾ താൻ ഭാഗ്യവാൻ എന്ന് സ്വയം പറഞ്ഞു; നീ നിനക്കു തന്നെ നന്മ ചെയ്യുമ്പോൾ മനുഷ്യർ നിന്നെ പുകഴ്ത്തും.

19 അവൻ തന്റെ പിതാക്കന്മാരുടെ തലമുറയോട് ചേരും; അവർ ഒരുനാളും വെളിച്ചം കാണുകയില്ല.

20 ആദരവ് നേടിയ മനുഷ്യൻ വിവേക ശൂന്യനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യനാകുന്നു.