Psalm 22 in Malayalam

1 സംഗീതപ്രമാണിക്ക്; ഉഷസ്സിൻ മാൻ പേട എന്ന രാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നുനില്ക്കുന്നതെന്ത്?

2 എന്റെ ദൈവമേ, ഞാൻ പകൽസമയത്ത് നിലവിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല; രാത്രികാലത്തും ഞാൻ വിളിക്കുന്നു; എനിക്ക് ഒട്ടും സ്വസ്ഥതയില്ല.

3 യിസ്രായേലിന്റെ സ്തുതികളിൽ വസിക്കുന്നവനേ, നീ പരിശുദ്ധനാകുന്നുവല്ലോ.

4 ഞങ്ങളുടെ പിതാക്കന്മാർ നിന്നിൽ ആശ്രയിച്ചു; അവർ ആശ്രയിക്കുകയും നീ അവരെ വിടുവിക്കുകയും ചെയ്തു.

5 അവർ നിന്നോട് നിലവിളിച്ചു രക്ഷപ്രാപിച്ചു; അവർ നിന്നിൽ ആശ്രയിച്ചു, ലജ്ജിച്ചുപോയില്ല.

6 ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ; മനുഷ്യരുടെ പരിഹാസപാത്രവും ജനത്താൽ നിന്ദിതനും തന്നെ.

7 എന്നെ കാണുന്നവരെല്ലാം എന്നെ പരിഹസിക്കുന്നു; അവർ അധരം മലർത്തി തല കുലുക്കി പറയുന്നു:

8 “യഹോവയിൽ നിന്നെത്തന്നെ സമർപ്പിക്ക! അവൻ നിന്നെ രക്ഷിക്കട്ടെ! അവൻ നിന്നെ വിടുവിക്കട്ടെ! അവന് നിന്നിൽ പ്രസാദമുണ്ടല്ലോ.”

9 നീയല്ലയോ എന്നെ ഉദരത്തിൽനിന്ന് പുറപ്പെടുവിച്ചവൻ; എന്റെ അമ്മയുടെ മുല കുടിക്കുമ്പോൾ നീ എന്നെ നിന്നിൽ ആശ്രയിക്കുമാറാക്കി.

10 ജനിച്ച ഉടൻ തന്നെ ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു; എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം.

11 കഷ്ടം അടുത്തിരിക്കുകയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിക്കുവാൻ മറ്റാരുമില്ലല്ലോ.

12 അനേകം കാളകൾ എന്നെ വളഞ്ഞു; ബാശാനിൽ നിന്നുള്ള കാളകൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു.

13 ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവർ എന്റെ നേരെ വായ് പിളർക്കുന്നു.

14 ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു; എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെ ആയി; എന്റെ ഉള്ളിൽ ഉരുകിയിരിക്കുന്നു.

15 എന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്റെ നാവ് അണ്ണാക്കോട് പറ്റിയിരിക്കുന്നു. നീ എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുമിരിക്കുന്നു.

16 നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവർ എന്റെ കൈകളെയും കാലുകളെയും തുളച്ചു.

17 എന്റെ അസ്ഥികളെല്ലാം എനിക്ക് എണ്ണാം; അവർ എന്നെ തുറിച്ച് നോക്കുന്നു.

18 എന്റെ വസ്ത്രം അവർ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു.

19 നീയോ, യഹോവേ, അകന്നിരിക്കരുതേ; എന്റെ തുണയായുള്ളോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ.

20 വാളിൽനിന്ന് എന്റെ പ്രാണനെയും നായയുടെ കയ്യിൽനിന്ന് എന്റെ ജീവനെയും വിടുവിക്കണമേ.

21 സിംഹത്തിന്റെ വായിൽനിന്ന് എന്നെ രക്ഷിക്കണമേ; കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ നീ എനിക്ക് ഉത്തരമരുളുന്നു.

22 ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോട് കീർത്തിക്കും; സഭാമദ്ധ്യത്തിൽ ഞാൻ നിന്നെ സ്തുതിക്കും.

23 യഹോവാഭക്തന്മാരേ, അവനെ സ്തുതിക്കുവിൻ; യാക്കോബിന്റെ സകലസന്തതികളുമേ, അവനെ മഹത്വപ്പെടുത്തുവിൻ; യിസ്രായേലിന്റെ സർവ്വസന്തതികളുമേ, അവനെ ഭയപ്പെടുവിൻ.

24 അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല, വെറുത്തതുമില്ല; തന്റെ മുഖം അവന് മറച്ചതുമില്ല; തന്നെ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കുകയത്രേ ചെയ്തത്.

25 മഹാസഭയിൽ എന്റെ പ്രശംസ നിന്നെക്കുറിച്ചാകുന്നു. അവന്റെ ഭക്തന്മാരുടെ കൺ മുമ്പിൽ ഞാൻ എന്റെ നേർച്ചകൾ കഴിക്കും.

26 എളിയവർ ഭക്ഷിച്ച് തൃപ്തരാകും; യഹോവയെ അന്വേഷിക്കുന്നവർ അവനെ സ്തുതിക്കും. നിങ്ങളുടെ ഹൃദയം എന്നേക്കും സുഖമായിരിക്കട്ടെ.

27 ഭൂമിയുടെ അറുതികളിൽ ഉള്ളവർ ഒക്കെയും ഇതോർത്ത് യഹോവയിലേക്ക് തിരിയും; സകല വംശങ്ങളും നിന്റെ മുമ്പാകെ നമസ്കരിക്കും.

28 രാജത്വം യഹോവയ്ക്കുള്ളതല്ലയോ; അവൻ ജനതതിയെ ഭരിക്കുന്നു.

29 ഭൂമിയിൽ പുഷ്ടിയുള്ളവരെല്ലാം ഭക്ഷിച്ച് ആരാധിക്കും; തന്റെ പ്രാണനെ രക്ഷിക്കുവാൻ കഴിയാതെ പൊടിയിലേക്ക് മടങ്ങിച്ചേരുന്നവരും അവന്റെ മുമ്പാകെ കുമ്പിടും.

30 വരുവാനുള്ള ഒരു സന്തതി അവനെ സേവിക്കും; വരുന്ന തലമുറയോട് യഹോവയെക്കുറിച്ച് കീർത്തിക്കും.

31 അവർ വന്ന്, ജനിക്കുവാനുള്ള തലമുറയോട് “അവൻ ഇത് നിവർത്തിച്ചിരിക്കുന്നു” എന്ന് അവന്റെ നീതിയെ വർണ്ണിക്കും.