Psalm 147 in Malayalam

1 യഹോവയെ സ്തുതിക്കുവിൻ; നമ്മുടെ ദൈവത്തിന് കീർത്തനം പാടുന്നത് നല്ലത്; അത് മനോഹരവും സ്തുതി ഉചിതവും തന്നെ.

2 യഹോവ യെരൂശലേമിനെ പണിയുന്നു; അവൻ യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു.

3 മനം തകർന്നവരെ അവൻ സൗഖ്യമാക്കുകയും അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു.

4 അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവയ്ക്ക് എല്ലാം പേര് വിളിക്കുന്നു.

5 നമ്മുടെ കർത്താവ് വലിയവനും ശക്തിയേറിയവനും ആകുന്നു; അവന്റെ വിവേകത്തിന് അന്തമില്ല.

6 യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു; അവൻ ദുഷ്ടന്മാരെ നിലത്ത് തള്ളിയിടുന്നു.

7 സ്തോത്രത്തോടെ യഹോവയ്ക്കു പാടുവിൻ; കിന്നരത്തോടെ നമ്മുടെ ദൈവത്തിന് കീർത്തനം ചെയ്യുവിൻ;

8 അവൻ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു; ഭൂമിക്കായി മഴ ഒരുക്കുന്നു; അവൻ പർവ്വതങ്ങളിൽ പുല്ലു മുളപ്പിക്കുന്നു.

9 അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം കൊടുക്കുന്നു.

10 അശ്വബലത്തിൽ അവൻ സന്തോഷിക്കുന്നില്ല; പുരുഷന്റെ ശക്തിയിൽ പ്രസാദിക്കുന്നതുമില്ല.

11 തന്നെ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വയ്ക്കുകയും ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു.

12 യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്റെ ദൈവത്തെ വാഴ്ത്തുക;

13 അവൻ നിന്റെ വാതിലുകളുടെ ഓടാമ്പലുകൾ ഉറപ്പിച്ച് നിന്റെ അകത്ത് നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു.

14 അവൻ നിന്റെ ദേശത്ത് സമാധാനം വരുത്തുന്നു; വിശേഷമായ ഗോതമ്പുകൊണ്ട് നിനക്കു തൃപ്തിവരുത്തുന്നു.

15 അവൻ തന്റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു; അവന്റെ വചനം അതിവേഗം ഓടുന്നു.

16 അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ ഹിമകണങ്ങൾ വിതറുന്നു.

17 അവൻ മഞ്ഞുകട്ടകൾ ചരൽ പോലെ എറിയുന്നു; അവന്റെ കുളിര് സഹിച്ചു നില്ക്കുന്നവനാര്?

18 അവൻ തന്റെ വാക്കിനാൽ അവ ഉരുക്കുന്നു; കാറ്റ് അടിപ്പിച്ച് അതിൽനിന്ന് വെള്ളം ഒഴുക്കുന്നു.

19 അവൻ യാക്കോബിന് തന്റെ വചനവും യിസ്രായേലിന് തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു.

20 അങ്ങനെ യാതൊരു ജനതയ്ക്കും അവൻ ചെയ്തിട്ടില്ല; അവന്റെ വിധികൾ അവർ അറിഞ്ഞിട്ടുമില്ല. യഹോവയെ സ്തുതിക്കുവിൻ.