Psalm 142 in Malayalam

1 ദാവീദിന്റെ ഒരു ധ്യാനം; അവൻ ഗുഹയിൽ ആയിരുന്നപ്പോൾ കഴിച്ച പ്രാർത്ഥന. ഞാൻ യഹോവയോട് ഉറക്കെ നിലവിളിക്കുന്നു; ഞാൻ ഉച്ചത്തിൽ യഹോവയോട് പ്രാർത്ഥിക്കുന്നു.

2 അവന്റെ സന്നിധിയിൽ ഞാൻ എന്റെ സങ്കടം പകരുന്നു; എന്റെ കഷ്ടത ഞാൻ അവനെ ബോധിപ്പിക്കുന്നു.

3 എന്റെ ആത്മാവ് എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾ നീ എന്റെ പാത അറിയുന്നു. ഞാൻ നടക്കുന്ന പാതയിൽ അവർ എനിക്ക് ഒരു കെണി ഒളിച്ചുവച്ചിരിക്കുന്നു.

4 എന്റെ വലത്തുഭാഗത്തേക്ക് നോക്കി കാണണമേ; എന്നെ ശ്രദ്ധിക്കുന്നവൻ ആരുമില്ലല്ലോ. ശരണം എനിക്ക് നഷ്ടമായിരിക്കുന്നു; എന്റെ പ്രാണനു വേണ്ടി ആരും കരുതുന്നില്ല.

5 യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; “നീ എന്റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്ത് എന്റെ ഓഹരിയും ആകുന്നു” എന്ന് ഞാൻ പറഞ്ഞു.

6 എന്റെ നിലവിളിക്ക് ചെവി തരണമേ. ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; എന്നെ ഉപദ്രവിക്കുന്നവർ എന്നിലും ബലവാന്മാരാകയാൽ അവരുടെ കൈയിൽനിന്ന് എന്നെ വിടുവിക്കണമേ.

7 ഞാൻ നിന്റെ നാമത്തിനു സ്തോത്രം ചെയ്യുവാൻ എന്റെ പ്രാണനെ കാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കണമേ; നീ എനിക്ക് ഉപകാരം ചെയ്തിരിക്കുകയാൽ നീതിമാന്മാർ എന്റെ ചുറ്റം വന്നുകൂടും.