Psalm 138 in Malayalam

1 ദാവീദിന്റെ ഒരു സങ്കീർത്തനം. ഞാൻ പൂർണ്ണഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാൻ നിന്നെ കീർത്തിക്കും.

2 ഞാൻ നിന്റെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ച്, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിനു സ്തോത്രം ചെയ്യും; നിന്റെ നാമത്തിനു മീതെ എല്ലാം നീ നിന്റെ വചനത്തെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു.

3 ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ നീ എനിക്ക് ഉത്തരം അരുളി; എന്റെ ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു.

4 യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ വായിലെ വചനങ്ങൾ കേട്ടിട്ട് നിനക്കു സ്തോത്രം ചെയ്യും.

5 അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും; യഹോവയുടെ മഹത്ത്വം വലിയതാകുന്നുവല്ലോ.

6 യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗർവ്വിഷ്ഠനെ അവൻ ദൂരത്തുനിന്ന് അറിയുന്നു.

7 ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിനു നേരെ നീ കൈ നീട്ടും; നിന്റെ വലങ്കൈ എന്നെ രക്ഷിക്കും.

8 യഹോവ എന്നെക്കുറിച്ചുള്ള ഉദ്ദേശ്യം പൂർത്തികരിക്കും; യഹോവേ, നിന്റെ ദയ എന്നേക്കുമുള്ളത്; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.