Psalm 137 in Malayalam

1 ബാബേൽനദികളുടെ തീരത്ത് ഞങ്ങൾ ഇരുന്നു, സീയോനെ ഓർമ്മിച്ചപ്പോൾ ഞങ്ങൾ കരഞ്ഞു.

2 അതിന്റെ നടുവിലുള്ള അലരിവൃക്ഷങ്ങളിന്മേൽ ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങൾ തൂക്കിയിട്ടു.

3 ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവർ: “സീയോൻഗീതങ്ങളിൽ ഒന്നു പാടുവിൻ” എന്ന് പറഞ്ഞു; ഞങ്ങളെ പീഡിപ്പിച്ചവർ ഗീതങ്ങളും സന്തോഷവും ഞങ്ങളോടു ചോദിച്ചു.

4 ഞങ്ങൾ യഹോവയുടെ ഗീതം അന്യദേശത്ത് പാടുന്നതെങ്ങനെ?

5 യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ എന്റെ വലങ്കൈ മറന്നുപോകട്ടെ.

6 നിന്നെ ഞാൻ ഓർമ്മിക്കാതെ പോയാൽ, യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ, എന്റെ നാവ് അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.

7 “ഇടിച്ചുകളയുവിൻ, അടിസ്ഥാനംവരെ അതിനെ ഇടിച്ചുകളയുവിൻ!” എന്നിങ്ങനെ പറഞ്ഞ ഏദോമ്യർക്കായി യഹോവേ, യെരൂശലേമിന്റെ നാൾ ഓർമ്മിക്കണമേ.

8 നാശം അടുത്തിരിക്കുന്ന ബാബേൽപുത്രിയേ, നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോടു ചെയ്യുന്നവൻ ഭാഗ്യവാൻ.

9 നിന്റെ കുഞ്ഞുങ്ങളെ പിടിച്ച് പാറമേൽ അടിച്ചുകളയുന്നവൻ ഭാഗ്യവാൻ.