Psalm 132 in Malayalam

1 ആരോഹണഗീതം. യഹോവേ, ദാവീദിനെയും അവന്റെ സകലകഷ്ടതയെയും ഓർക്കണമേ.

2 അവൻ യഹോവയോടു സത്യം ചെയ്ത് യാക്കോബിന്റെ വല്ലഭന് നേർന്നത് എന്തെന്നാൽ:

3 “യഹോവയ്ക്ക് ഒരു സ്ഥലം, യാക്കോബിന്റെ വല്ലഭന് ഒരു നിവാസം കണ്ടെത്തുംവരെ

4 ഞാൻ എന്റെ കൂടാര വീട്ടിൽ കടക്കുകയില്ല; എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല.

5 ഞാൻ എന്റെ കണ്ണിന് ഉറക്കവും എന്റെ കൺപോളയ്ക്ക് മയക്കവും കൊടുക്കുകയില്ല.”

6 നാം എഫ്രാത്തയിൽ അതിനെക്കുറിച്ചു കേട്ട് വനപ്രദേശത്ത് അത് കണ്ടെത്തിയല്ലോ.

7 നാം അവന്റെ തിരുനിവാസത്തിലേക്കു ചെന്ന് അവന്റെ പാദപീഠത്തിൽ നമസ്കരിക്കുക.

8 യഹോവേ, നീ നിന്റെ ബലത്തിന്റെ പെട്ടകവുമായി നിന്റെ വിശ്രാമത്തിലേക്ക് എഴുന്നള്ളണമേ.

9 നിന്റെ പുരോഹിതന്മാർ നീതി ധരിക്കുകയും നിന്റെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കുകയും ചെയ്യട്ടെ.

10 നിന്റെ ദാസനായ ദാവീദിനെ ഓർത്ത് നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരസ്ക്കരിക്കരുതേ.

11 “ഞാൻ നിന്റെ ഉദരഫലത്തെ നിന്റെ സിംഹാസനത്തിൽ ഇരുത്തും;

12 നിന്റെ മക്കൾ എന്റെ നിയമവും ഞാൻ അവർക്കു ഉപദേശിച്ച സാക്ഷ്യവും പ്രമാണിക്കുമെങ്കിൽ അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ ഇരിക്കും” എന്ന് യഹോവ ദാവീദിനോട് ആണയിട്ടു സത്യം; അവൻ അതിൽനിന്നു മാറുകയില്ല.

13 യഹോവ സീയോനെ തിരഞ്ഞെടുക്കുകയും അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കുകയും ചെയ്തു.

14 “അത് എന്നേക്കും എന്റെ വിശ്രാമം ആകുന്നു; ഞാൻ അതിനെ ഇച്ഛിച്ചിരിക്കുകയാൽ ഞാൻ അവിടെ വസിക്കും;

15 അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും; അതിലെ ദരിദ്രന്മാർക്ക് അപ്പംകൊണ്ടു തൃപ്തി വരുത്തും.

16 അതിലെ പുരോഹിതന്മാരെ രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും.

17 അവിടെ ഞാൻ ദാവീദിന് ഒരു കൊമ്പു മുളപ്പിക്കും; എന്റെ അഭിഷിക്തന് ഒരു ദീപം ഒരുക്കിയിട്ടുമുണ്ട്.

18 ഞാൻ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും; അവന്റെ തലയിലോ കിരീടം ശോഭിക്കും.”