Proverbs 25 in Malayalam

1 ഇവയും ശലോമോന്റെ സദൃശവാക്യങ്ങൾ; യെഹൂദാരാജാവായ ഹിസ്കീയാവിന്റെ ആളുകൾ അവ ശേഖരിച്ചിരിക്കുന്നു.

2 കാര്യം മറച്ചുവയ്ക്കുന്നത് ദൈവത്തിന്റെ മഹത്വം; കാര്യം ആരായുന്നതോ രാജാക്കന്മാരുടെ മഹത്വം.

3 ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും രാജാക്കന്മാരുടെ ഹൃദയവും അജ്ഞാതം.

4 വെള്ളിയിൽനിന്ന് മാലിന്യം നീക്കിക്കളഞ്ഞാൽ തട്ടാന് പണിത്തരം കിട്ടും.

5 രാജസന്നിധിയിൽനിന്ന് ദുഷ്ടനെ നീക്കിക്കളഞ്ഞാൽ അവന്റെ സിംഹാസനം നീതിയാൽ സ്ഥിരപ്പെടും.

6 രാജസന്നിധിയിൽ നിന്നെത്തന്നെ പുകഴ്ത്തരുത്; മഹാന്മാരുടെ സ്ഥാനത്ത് നില്ക്കുകയും അരുത്.

7 പ്രഭുവിന്റെ സന്നിധിയിൽ നീ താഴ്ത്തപ്പെടുന്നതിനെക്കാൾ “ഇവിടെ കയറിവരുക” എന്ന് അവൻ നിന്നോട് പറയുന്നത് നല്ലത്.

8 ബദ്ധപ്പെട്ട് വ്യവഹാരത്തിന് പുറപ്പെടരുത്; അല്ലെങ്കിൽ ഒടുവിൽ കൂട്ടുകാരൻ നിന്നെ ലജ്ജിപ്പിച്ചാൽ നീ എന്ത് ചെയ്യും?

9 നിന്റെ വഴക്ക് കൂട്ടുകാരനുമായി പറഞ്ഞു തീർക്കുക; എന്നാൽ മറ്റൊരുത്തന്റെ രഹസ്യം വെളിപ്പെടുത്തരുത്.

10 കേൾക്കുന്നവൻ നിന്നെ നിന്ദിക്കുവാനും നിനക്ക് തീരാത്ത അപമാനം വരുവാനും ഇടവരരുത്.

11 തക്കസമയത്ത് പറയുന്ന വാക്ക് വെള്ളിത്താലത്തിൽ പൊൻനാരങ്ങാ പോലെ.

12 കേട്ടനുസരിക്കുന്ന കാതിന് ജ്ഞാനിയുടെ ശാസന പൊൻകടുക്കനും തങ്കംകൊണ്ടുള്ള ആഭരണവും ആകുന്നു.

13 വിശ്വസ്തനായ ദൂതൻ തന്നെ അയക്കുന്നവർക്ക് കൊയ്ത്തുകാലത്ത് ഹിമത്തിന്റെ തണുപ്പുപോലെ; അവൻ യജമാനന്മാരുടെ ഉള്ളം തണുപ്പിക്കുന്നു.

14 ദാനങ്ങളെച്ചൊല്ലി വെറുതെ പ്രശംസിക്കുന്നവൻ മഴയില്ലാത്ത മേഘവും കാറ്റുംപോലെയാകുന്നു.

15 ദീർഘക്ഷമകൊണ്ട് ന്യായാധിപനെ സമ്മതിപ്പിക്കാം; മൃദുവായുള്ള നാവ് അസ്ഥിയെ നുറുക്കുന്നു.

16 നിനക്ക് തേൻ കിട്ടിയാൽ വേണ്ടുന്നതേ ഭക്ഷിക്കാവു; അധികം ഭക്ഷിച്ചിട്ട് ഛർദ്ദിക്കുവാൻ ഇടവരരുത്.

17 കൂട്ടുകാരൻ നിന്നെക്കൊണ്ട് മടുത്ത് നിന്നെ വെറുക്കാതെയിരിക്കേണ്ടതിന് അവന്റെ വീട്ടിൽ കൂടെക്കൂടെ ചെല്ലരുത്.

18 കൂട്ടുകാരന് വിരോധമായി കള്ളസ്സാക്ഷ്യം പറയുന്ന മനുഷ്യൻ ഗദയും വാളും കൂർത്ത അമ്പും ആകുന്നു.

19 കഷ്ടകാലത്ത് അവിശ്വസ്തനെ ആശ്രയിക്കുന്നത് കേടുള്ള പല്ലും ഉളുക്കിയ കാലുംപോലെ ആകുന്നു.

20 വിഷാദമുള്ള ഹൃദയത്തിനായി പാട്ടു പാടുന്നവൻ ശീതകാലത്ത് വസ്ത്രം കളയുന്നതുപോലെയും യവക്ഷാരത്തിന്മേൽ ചൊറുക്ക പകരുന്നതുപോലെയും ആകുന്നു.

21 ശത്രുവിന് വിശക്കുന്നു എങ്കിൽ അവന് ഭക്ഷിക്കുവാൻ കൊടുക്കുക; ദാഹിക്കുന്നു എങ്കിൽ കുടിക്കുവാൻ കൊടുക്കുക.

22 അങ്ങനെ നീ അവന്റെ തലമേൽ തീക്കനൽ കൂട്ടും; യഹോവ നിനക്കു പ്രതിഫലം നല്കുകയും ചെയ്യും.

23 വടക്കൻ കാറ്റ് മഴ കൊണ്ടുവരുന്നു; ഏഷണിവാക്ക് കോപഭാവം ജനിപ്പിക്കുന്നു;

24 ശണ്ഠകൂടുന്ന സ്ത്രീയോടുകൂടി വീടിനുള്ളിൽ പാർക്കുന്നതിനെക്കാൾ മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നത് നല്ലത്.

25 ദാഹമുള്ളവന് തണ്ണീർ കിട്ടുന്നതും ദൂരദേശത്തുനിന്ന് നല്ല വർത്തമാനം വരുന്നതും ഒരുപോലെ.

26 ദുഷ്ടന്റെ മുമ്പിൽ കുലുങ്ങിപ്പോയ നീതിമാൻ കലങ്ങിയ കിണറിനും മലിനമായ നീരുറവിനും സമം.

27 തേൻ ഏറെ കുടിക്കുന്നത് നല്ലതല്ല; സ്വന്തം മഹത്വം ആരായുന്നത് അതുപോലെ തന്നെ.

28 ആത്മസംയമനം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു.