Jeremiah 28 in Malayalam

1 ആ ആണ്ടിൽ, യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ ആരംഭത്തിൽ, നാലാം ആണ്ടിൽ അഞ്ചാം മാസം, ഗിബെയോന്യനായ അസ്സൂരിന്റെ മകൻ ഹനന്യാപ്രവാചകൻ യഹോവയുടെ ആലയത്തിൽ പുരോഹിതന്മാരുടെയും സർവ്വജനത്തിന്റെയും മുമ്പിൽവച്ച് എന്നോടു പറഞ്ഞതെന്തെന്നാൽ:

2 “യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയുന്നു.

3 ബാബേൽരാജാവായ നെബൂഖദ്നേസർ ഈ സ്ഥലത്തുനിന്ന് എടുത്ത് ബാബേലിലേക്കു കൊണ്ടുപോയിരിക്കുന്ന യഹോവയുടെ ആലയംവക ഉപകരണങ്ങൾ സകലവും ഞാൻ രണ്ടു സംവത്സരത്തിനകം ഈ സ്ഥലത്തേക്കു മടക്കിവരുത്തും;

4 യെഹോയാക്കീമിന്റെ മകൻ യെഹൂദാരാജാവായ യെഖൊന്യാവിനെയും ബാബേലിലേക്കു പോയ സകല യെഹൂദാബദ്ധന്മാരെയും ഞാൻ ഈ സ്ഥലത്തേക്കു മടക്കിവരുത്തും; ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയും” എന്ന് യഹോവയുടെ അരുളപ്പാട്.

5 അപ്പോൾ യിരെമ്യാപ്രവാചകൻ പുരോഹിതന്മാരും യഹോവയുടെ ആലയത്തിൽ നില്ക്കുന്ന സകലജനവും കേൾക്കെ ഹനന്യാപ്രവാചകനോടു പറഞ്ഞത്:

6 “ആമേൻ, യഹോവ അങ്ങനെ ചെയ്യുമാറാകട്ടെ; യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളും സകലബദ്ധന്മാരെയും അവൻ ബാബേലിൽനിന്നു ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്ന് നീ പ്രവചിച്ച വാക്കുകളെ യഹോവ നിവർത്തിക്കുമാറാകട്ടെ!

7 എങ്കിലും ഞാൻ നിന്നോടും സകലജനത്തോടും പറയുന്ന ഈ വചനം കേട്ടുകൊള്ളുക.

8 എനിക്കും നിനക്കും മുമ്പ് പണ്ടേയുണ്ടായിരുന്ന പ്രവാചകന്മാർ, അനേകം ദേശങ്ങൾക്കും വലിയ രാജ്യങ്ങൾക്കും വിരോധമായി യുദ്ധവും അനർത്ഥവും മഹാമാരിയും പ്രവചിച്ചു.

9 സമാധാനം പ്രവചിക്കുന്ന പ്രവാചകന്റെ വചനം നിവൃത്തിയാകുമ്പോൾ, അവൻ യഥാർഥത്തിൽ യഹോവ അയച്ച പ്രവാചകൻ എന്ന് തെളിയും” എന്ന് യിരെമ്യാപ്രവാചകൻ പറഞ്ഞു;

10 അപ്പോൾ ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്ന് ആ നുകം എടുത്ത് ഒടിച്ചുകളഞ്ഞിട്ട്,

11 സകലജനവും കേൾക്കെ; ‘ഇങ്ങനെ ഞാൻ രണ്ടു സംവത്സരത്തിനകം ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ നുകം സകലജനതകളുടെയും കഴുത്തിൽനിന്ന് എടുത്ത് ഒടിച്ചുകളയും’ എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു. യിരെമ്യാപ്രവാചകൻ തന്റെ വഴിക്കു പോയി.

12 ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്ന് നുകം എടുത്ത് ഒടിച്ചുകളഞ്ഞശേഷം യിരെമ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:

13 നീ ചെന്ന് ഹനന്യാവിനോടു പറയേണ്ടത്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ മരം കൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു; അതിനു പകരം നീ ഇരിമ്പുകൊണ്ടുള്ള ഒരു നുകം ഉണ്ടാക്കിയിരിക്കുന്നു”.

14 എങ്ങനെയെന്നാൽ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; “ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കേണ്ടതിന് ഇരിമ്പുകൊണ്ടുള്ള ഒരു നുകം ഞാൻ ഈ സകലജനതകളുടെയും കഴുത്തിൽ വച്ചിരിക്കുന്നു; അവർ അവനെ സേവിക്കേണ്ടിവരും; വയലിലെ മൃഗങ്ങളെയും ഞാൻ അവന് കൊടുത്തിരിക്കുന്നു”.

15 പിന്നെ യിരെമ്യാപ്രവാചകൻ ഹനന്യാപ്രവാചകനോട്: “ഹനന്യാവേ, കേൾക്കുക! യഹോവ നിന്നെ അയച്ചിട്ടില്ല; നീ ഈ ജനത്തെ വ്യാജത്തിൽ ആശ്രയിക്കുമാറാക്കുന്നു”.

16 അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്നെ ഭൂതലത്തിൽനിന്നു നീക്കിക്കളയും; ഈ ആണ്ടിൽ നീ മരിക്കും; നീ യഹോവയ്ക്കു വിരോധമായി മത്സരം സംസാരിച്ചിരിക്കുന്നു” എന്ന് പറഞ്ഞു.

17 അങ്ങനെ ഹനന്യാപ്രവാചകൻ ആയാണ്ടിൽ തന്നെ ഏഴാം മാസത്തിൽ മരിച്ചു.