Jeremiah 1 in Malayalam

1 ബെന്യാമീൻദേശത്ത് അനാഥോത്തിലെ പുരോഹിതന്മാരിൽ ഹില്ക്കീയാവിന്റെ മകനായ യിരെമ്യാവിന്റെ വചനങ്ങൾ.

2 അവന്, യെഹൂദാരാജാവായ ആമോന്റെ മകൻ യോശീയാവിന്റെ കാലത്ത്, അവന്റെ വാഴ്ചയുടെ പതിമൂന്നാം ആണ്ടിൽ, യഹോവയുടെ അരുളപ്പാടുണ്ടായി.

3 യെഹൂദാരാജാവായ യോശീയാവിന്റെ മകൻ യെഹോയാക്കീമിന്റെ കാലത്തും യെഹൂദാരാജാവായ യോശീയാവിന്റെ മകൻ സിദെക്കീയാവിന്റെ പതിനൊന്നാം ആണ്ടിന്റെ അവസാനംവരെയും, അഞ്ചാം മാസത്തിൽ യെരൂശലേമ്യരെ പ്രവാസത്തിലേക്ക് കൊണ്ടുപോയതുവരെയും തന്നെ, അവന് അരുളപ്പാട് ഉണ്ടായി.

4 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

5 “നിന്നെ ഉദരത്തിൽ ഉരുവാക്കിയതിനു മുമ്പ് ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിനു മുമ്പ് ഞാൻ നിന്നെ വിശുദ്ധീകരിച്ച്, ജനതകൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു”.

6 എന്നാൽ ഞാൻ: “അയ്യോ, യഹോവയായ കർത്താവേ, എനിക്കു സംസാരിക്കുവാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലയോ” എന്നു പറഞ്ഞു.

7 അതിന് യഹോവ എന്നോട് അരുളിച്ചെയ്തത്: “‘ഞാൻ ബാലൻ’ എന്നു നീ പറയരുത്; ഞാൻ നിന്നെ അയയ്ക്കുന്ന ഏവരുടെയും അടുക്കൽ നീ പോകുകയും ഞാൻ നിന്നോടു കല്പിക്കുന്നതെല്ലാം സംസാരിക്കുകയും വേണം.

8 നീ അവരെ ഭയപ്പെടരുത്; നിന്നെ വിടുവിക്കേണ്ടതിന് ഞാൻ നിന്നോടുകൂടി ഉണ്ട്” എന്ന് യഹോവയുടെ അരുളപ്പാട്.

9 പിന്നെ യഹോവ കൈ നീട്ടി എന്റെ അധരങ്ങളെ സ്പർശിച്ചു: “ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ തന്നിരിക്കുന്നു;

10 നോക്കുക; നിർമ്മൂലമാക്കുവാനും പൊളിക്കുവാനും നശിപ്പിക്കുവാനും ഇടിച്ചുകളയുവാനും പണിയുവാനും നടുവാനും വേണ്ടി ഞാൻ നിന്നെ ഇന്ന് ജനതകളുടെമേലും രാജ്യങ്ങളുടെമേലും ആക്കിവച്ചിരിക്കുന്നു” എന്ന് യഹോവ എന്നോടു കല്പിച്ചു.

11 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: “യിരെമ്യാവേ, നീ എന്തു കാണുന്നു” എന്ന് ചോദിച്ചു. ബദാം (ജാഗ്രത്) വൃക്ഷത്തിന്റെ ഒരു കൊമ്പു കാണുന്നു എന്നു ഞാൻ പറഞ്ഞു.

12 യഹോവ എന്നോട്: “നീ കണ്ടത് ശരി തന്നെ; എന്റെ വചനം നിവർത്തിക്കേണ്ടതിന് ഞാൻ ജാഗരിച്ചു കൊള്ളും” എന്ന് അരുളിച്ചെയ്തു.

13 യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം എനിക്കുണ്ടായി: “നീ എന്തു കാണുന്നു” എന്ന് ചോദിച്ചു. “തിളയ്ക്കുന്ന ഒരു കലം കാണുന്നു. അത് വടക്കുനിന്നു പ്രത്യക്ഷമായി വരുന്നു” എന്ന് ഞാൻ പറഞ്ഞു.

14 യഹോവ എന്നോട്: “വടക്കുനിന്ന് ദേശത്തിലെ സർവ്വനിവാസികൾക്കും അനർത്ഥം വരും.

15 ഞാൻ വടക്കെ രാജ്യങ്ങളിലെ വംശങ്ങളെ ഒക്കെയും വിളിക്കും” എന്ന് യഹോവയുടെ അരുളപ്പാട്; അവർ വന്ന്, ഓരോരുത്തൻ അവനവന്റെ സിംഹാസനം യെരൂശലേമിന്റെ പടിവാതിലുകളുടെ പ്രവേശനത്തിങ്കലും ചുറ്റും അതിന്റെ എല്ലാ മതിലുകൾക്കു നേരെയും യെഹൂദയിലെ എല്ലാപട്ടണങ്ങൾക്കു നേരെയും വയ്ക്കും.

16 അവർ എന്നെ ഉപേക്ഷിക്കുകയും അന്യദേവന്മാർക്ക് ധൂപം കാട്ടി, അവരുടെ കൈപ്പണികളെ നമസ്കരിക്കുകയും ചെയ്ത സകലദോഷത്തെയും കുറിച്ച് ഞാൻ അവരോടു ന്യായവാദം കഴിക്കും.

17 അതിനാൽ നീ അരകെട്ടി, എഴുന്നേറ്റ് ഞാൻ നിന്നോടു കല്പിക്കുന്നതെല്ലാം അവരോടു പ്രസ്താവിക്കുക; ഞാൻ നിന്നെ അവരുടെ മുമ്പിൽ ഭ്രമിപ്പിക്കാതെ ഇരിക്കേണ്ടതിന് നീ അവരെ കണ്ടു ഭ്രമിച്ചുപോകരുത്.

18 ഞാൻ ഇന്നു നിന്നെ സർവ്വദേശത്തിനും യെഹൂദാരാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും ദേശത്തിലെ ജനത്തിനും നേരെ ഉറപ്പുള്ള ഒരു പട്ടണവും ഇരിമ്പുതൂണും താമ്രമതിലുകളും ആക്കിയിരിക്കുന്നു.

19 അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കുകയില്ലതാനും; നിന്നെ രക്ഷിക്കുവാൻ ഞാൻ നിന്നോടുകൂടി ഉണ്ട്” എന്ന് യഹോവയുടെ അരുളപ്പാട്.