Ecclesiastes 10 in Malayalam

1 ചത്ത ഈച്ച തൈലക്കാരന്റെ തൈലത്തെ ദുർഗന്ധപൂരിതമാക്കുന്നു; അതുപോലെ അല്പം ഭോഷത്തം ജ്ഞാനവും മാനവും ഉള്ള വ്യക്തിക്ക് അധികം ദോഷം ചെയ്യുന്നു.

2 ജ്ഞാനിയുടെ ബുദ്ധി വലത്തുഭാഗത്തേക്കും മൂഢന്റെ ബുദ്ധി ഇടത്തുഭാഗത്തേക്കും ചായുന്നു.

3 ഭോഷൻ നടക്കുന്ന വഴിയിൽ അവന്റെ ബുദ്ധി ക്ഷയിച്ചുപോകുന്നു; താൻ ഭോഷൻ എന്ന് എല്ലാവർക്കും വെളിവാക്കും.

4 അധിപതിയുടെ കോപം നിന്റെ നേരെ പൊങ്ങുന്നു എങ്കിൽ നീ നിന്റെ സ്ഥലം വിട്ടുമാറരുത്; അനുരഞ്ജനം മഹാപാതകങ്ങൾ ഒഴിവാക്കാൻ കാരണമാകും.

5 അധിപതിയുടെ പക്കൽനിന്നു പുറപ്പെടുന്ന തെറ്റുപോലെ ഞാൻ സൂര്യനു കീഴിൽ ഒരു തിന്മ കണ്ടു;

6 മൂഢന്മാർ ശ്രേഷ്ഠപദവിയിൽ എത്തുകയും ധനവാന്മാർ താണ പദവിയിൽ ഇരിക്കുകയും ചെയ്യുന്നതു തന്നെ.

7 ദാസന്മാർ കുതിരപ്പുറത്തിരിക്കുന്നതും പ്രഭുക്കന്മാർ ദാസന്മാരെപ്പോലെ കാൽനടയായി നടക്കുന്നതും ഞാൻ കണ്ടു.

8 കുഴി കുഴിക്കുന്നവൻ അതിൽ വീഴും; മതിൽ പൊളിക്കുന്നവനെ പാമ്പു കടിക്കും.

9 കല്ലു വെട്ടുന്നവന് അതുകൊണ്ട് മുറിവുണ്ടാകാം.വിറകു കീറുന്നവന് അതിനാൽ ആപത്തും വരാം.

10 ഇരിമ്പായുധത്തിന്റെ വായ്ത്തല തേക്കാതിരുന്നാൽ മൂർച്ച ഇല്ലാത്തതുകൊണ്ട് അവൻ അധികം ശക്തി പ്രയോഗിക്കേണ്ടിവരും; എന്നാൽ ജ്ഞാനമോ കാര്യസിദ്ധിക്ക് ഉതകുന്നു.

11 മന്ത്രപ്രയോഗം ചെയ്യും മുമ്പ് പാമ്പ് കടിച്ചാൽ മന്ത്രവാദിയെ വിളിച്ചതുകൊണ്ട് പ്രയോജനമില്ല.

12 ജ്ഞാനിയുടെ വായിലെ വാക്ക് ലാവണ്യമുള്ളത്; മൂഢന്റെ അധരമോ അവനെ നശിപ്പിക്കും.

13 അവന്റെ വായിലെ വാക്കുകളുടെ ആരംഭം ഭോഷത്തവും അവന്റെ സംസാരത്തിന്റെ അവസാനം വല്ലാത്ത ഭ്രാന്തും തന്നെ.

14 ഭോഷൻ വാക്കുകൾ വർദ്ധിപ്പിക്കുന്നു; സംഭവിക്കുവാനിരിക്കുന്നത് മനുഷ്യൻ അറിയുന്നില്ല; അവന്റെ ശേഷം ഉണ്ടാകുവാനുള്ളത് ആര് അവനെ അറിയിക്കും?

15 പട്ടണത്തിലേക്കു പോകുന്ന വഴി അറിയാത്ത മൂഢന്മാർ അവരുടെ പ്രയത്നത്തിൽ ക്ഷീണിച്ചുപോകുന്നു.

16 ബാലനായ രാജാവും അതികാലത്തു വിരുന്നു കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു അയ്യോ കഷ്ടം!

17 കുലീനപുത്രനായ രാജാവും ലഹരിപിടിക്കുവാനല്ല, ബലത്തിനു വേണ്ടി മാത്രം തക്കസമയത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു ഭാഗ്യം!

18 മടികൊണ്ട് മേല്പുര വീണുപോകുന്നു; കൈകളുടെ അലസതകൊണ്ട് വീടു ചോരുന്നു.

19 സന്തോഷത്തിനു വേണ്ടി വിരുന്നു കഴിക്കുന്നു; വീഞ്ഞ് ഹൃദയത്തെ ആനന്ദിപ്പിക്കുന്നു; ദ്രവ്യമോ സകലത്തിനും ഉതകുന്നു.

20 നിന്റെ മനസ്സിൽപോലും രാജാവിനെ ശപിക്കരുത്; നിന്റെ ശയനമുറിയിൽ വച്ചുപോലും ധനവാനെ ശപിക്കരുത്; ആകാശത്തിലെ പക്ഷി ആ ശബ്ദം കൊണ്ടുപോകുകയും പറവജാതി ആ കാര്യം പ്രസിദ്ധമാക്കുകയും ചെയ്തേക്കാം.