Acts 15 in Malayalam

1 ചിലർ യെഹൂദ്യയിൽനിന്ന് വന്നു: “നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിക്കുവാൻ കഴിയുകയില്ല” എന്ന് സഹോദരന്മാരെ ഉപദേശിച്ചു.

2 പൗലൊസിനും ബർന്നബാസിനും അവരോട് ശക്തമായ വാദവും തർക്കവും ഉണ്ടായിട്ട് പൗലൊസും ബർന്നബാസും അവരിൽ മറ്റു ചിലരും ഈ തർക്കസംഗതിയെപ്പറ്റി യെരൂശലേമിൽ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ പോകേണം എന്ന് നിശ്ചയിച്ചു.

3 സഭ അവരെ യാത്ര അയച്ചിട്ട് അവർ ഫൊയ്നിക്ക്യയിലും ശമര്യയിലും കൂടി കടന്ന് ജാതികളുടെ മാനസാന്തരവിവരം അറിയിച്ച് സഹോദരന്മാർക്കു മഹാസന്തോഷം ഉളവാക്കി.

4 അവർ യെരൂശലേമിൽ എത്തിയപ്പോൾ സഭയും അപ്പൊസ്തലന്മാരും മൂപ്പന്മാരും അവരെ കൈക്കൊണ്ടു; ദൈവം തങ്ങളോടുകൂടെ ഇരുന്ന് ചെയ്തതൊക്കെയും പൗലോസും ബർന്നബാസും അവരെ അറിയിച്ചു.

5 എന്നാൽ പരീശപക്ഷത്തിൽനിന്ന് വിശ്വസിച്ചവർ ചിലർ എഴുന്നേറ്റ് “അവരെ പരിച്ഛേദന കഴിപ്പിക്കുകയും മോശെയുടെ ന്യായപ്രമാണം ആചരിപ്പാൻ കല്പിക്കുകയും വേണം” എന്നു പറഞ്ഞു.

6 ഈ വിഷയങ്ങളെക്കുറിച്ച് ചിന്തിപ്പാനായി അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നുകൂടി.

7 വളരെ വാഗ്വാദം ഉണ്ടായശേഷം പത്രൊസ് എഴുന്നേറ്റ് അവരോട് പറഞ്ഞത്: “സഹോദരന്മാരേ, കുറെ നാൾ മുമ്പെ ദൈവം നിങ്ങളുടെ നടുവിൽവച്ച് ഞാൻ മുഖാന്തരം ജാതികൾ സുവിശേഷവചനം കേട്ട് വിശ്വസിക്കണം എന്നു നിശ്ചയിച്ചത് നിങ്ങൾ അറിയുന്നുവല്ലോ.

8 ഹൃദയങ്ങളെ അറിയുന്ന ദൈവം നമ്മിൽ പകർന്നതുപോലെ വിശ്വാസത്താൽ അവർക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ട് സാക്ഷിനിന്ന്

9 അവരുടെ ഹൃദയങ്ങളെയും ശുദ്ധീകരിച്ചതിനാൽ നമുക്കും അവർക്കും തമ്മിൽ ഒരു വ്യത്യാസവും വെച്ചിട്ടില്ല എന്ന് തെളിയിച്ചുവല്ലോ.

10 ആകയാൽ നാമോ നമ്മുടെ പിതാക്കന്മാരോ വഹിക്കേണ്ടിയിരുന്നിട്ടില്ലാത്ത നുകം ശിഷ്യന്മാരുടെ കഴുത്തിൽ വയ്ക്കുവാൻ ഇപ്പോൾ ദൈവത്തെ പരീക്ഷിക്കുന്നത് എന്ത്?

11 കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്ന് നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.”

12 ജനസമൂഹം എല്ലാം മിണ്ടാതെ ബർന്നബാസും പൗലൊസും ദൈവം തങ്ങളെക്കൊണ്ട് ജാതികളുടെ ഇടയിൽ ചെയ്യിച്ച അടയാളങ്ങളും അത്ഭുതങ്ങളും എല്ലാം വിവരിക്കുന്നത് കേട്ടുകൊണ്ടിരുന്നു.

13 അവർ പറഞ്ഞു നിർത്തിയശേഷം യാക്കോബ് ഉത്തരം പറഞ്ഞ് തുടങ്ങിയത് “സഹോദരന്മാരേ, എന്റെ വാക്ക് ശ്രദ്ധിച്ചു കൊൾവിൻ;

14 “ദൈവം കൃപയാൽ ജാതികളിൽനിന്ന് തന്റെ നാമത്തിനായി ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായി കടാക്ഷിച്ചത് ശിമോൻ വിവരിച്ചുവല്ലോ.

15 ഇതിനോട് പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു:

16 ‘അതിനുശേഷം ഞാൻ ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യമായ ശേഷിപ്പുകളിൽ നിന്ന് വീണ്ടും പണിത് അതിനെ നിവർത്തും;

17 മനുഷ്യരിൽ അവശേഷിക്കുന്നവരും എന്റെ നാമം വിളിച്ചിരിക്കുന്ന സകലജാതികളും കർത്താവിനെ അന്വേഷിക്കും എന്ന്

18 പൂർവ്വകാലം മുതൽക്കേ കർത്താവ് അരുളിച്ചെയ്യുന്നു’ എന്ന് എഴുതിയിരിക്കുന്നുവല്ലോ.

19 ആകയാൽ ജാതികളിൽനിന്ന് ദൈവത്തിങ്കലേക്ക് തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ

20 അവർ വിഗ്രഹങ്ങൾക്ക് അർപ്പിച്ചതും, പരസംഗം, ശ്വാസംമുട്ടിച്ചത്തത്, രക്തത്തോട് കൂടെയുള്ളവയും വർജ്ജിച്ചിരിപ്പാൻ നാം അവർക്ക് എഴുതേണം എന്ന് ഞാൻ അഭിപ്രായപ്പെടുന്നു.

21 മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളിൽ വായിച്ചുവരുന്നതിനാൽ പൂർവ്വകാലം മുതൽ പട്ടണം തോറും അത് പ്രസംഗിക്കുന്നവർ ഉണ്ടല്ലോ.

22 അപ്പോൾ തങ്ങളിൽ ചില പുരുഷന്മാരെ തിരഞ്ഞെടുത്ത് പൗലൊസിനോടും ബർന്നബാസിനോടുംകൂടെ അന്ത്യൊക്യയിലേക്ക് അയയ്ക്കേണം എന്ന് അപ്പൊസ്തലന്മാരും മൂപ്പന്മാരും സർവ്വസഭയും നിർണ്ണയിച്ചു, നേതൃത്വ നിരയിൽ നിന്നും ബർശബാസ് എന്ന യൂദയെയും ശീലാസിനെയും നിയോഗിച്ചു.

23 അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാൽ: അപ്പൊസ്തലന്മാരും മൂപ്പന്മാരും നിങ്ങളുടെ സഹോദരന്മാരും ആയവരും, അന്ത്യൊക്യയിലും സുറിയയിലും കിലിക്യയിലും ജാതികളിൽനിന്ന് ചേർന്നുവന്നിട്ടുള്ളവരും ആയ സഹോദരന്മാർക്ക് വന്ദനം.

24 ഞങ്ങൾ കല്പന കൊടുക്കാതെ ചിലർ ഞങ്ങളുടെ ഇടയിൽനിന്ന് പുറപ്പെട്ട് നിങ്ങളെ വാക്കുകളാൽ അസ്വസ്ഥമാക്കുകയും നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു എന്നും കേട്ടതുകൊണ്ട്

25 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിനുവേണ്ടി പ്രാണത്യാഗം ചെയ്തവരായ ചില പുരുഷന്മാരെ ഞങ്ങൾ തിരഞ്ഞെടുത്ത് അവരെ നമ്മുടെ

26 പ്രിയ ബർന്നബാസോടും പൗലൊസോടും കൂടെ നിങ്ങളുടെ അടുക്കൽ അയയ്ക്കേണം എന്ന് ഞങ്ങൾ ഒരുമനപ്പെട്ട് നിശ്ചയിച്ചു.

27 ആകയാൽ ഞങ്ങൾ യൂദയെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവർ വാമൊഴിയായും ഇതുതന്നെ അറിയിക്കും.

28 വിഗ്രഹങ്ങൾക്ക് അർപ്പിച്ചതും, പരസംഗം, ശ്വാസംമുട്ടിച്ചത്തത്, രക്തത്തോട് കൂടെയുള്ളവയും വർജ്ജിക്കുന്നത് ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുത്` എന്ന് പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയിരിക്കുന്നു.

29 ഇവ വിട്ടുമാറി സൂക്ഷിച്ചാൽ നന്ന്; ശുഭമായിരിപ്പിൻ.

30 അങ്ങനെ അവർ വിടവാങ്ങി അന്ത്യൊക്യയിൽ ചെന്ന് ജനസമൂഹത്തെ കൂട്ടിവരുത്തി ലേഖനം കൊടുത്തു.

31 അവർ അത് വായിച്ചപ്പോൾ, അതിനാലുള്ള പ്രോൽസാഹനം നിമിത്തം സന്തോഷിച്ചു.

32 യൂദയും ശീലാസും പ്രവാചകന്മാർ ആകകൊണ്ട് പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ച് ഉറപ്പിച്ചു.

33 കുറേനാൾ താമസിച്ചശേഷം സഹോദരന്മാർ അവരെ അയച്ചവരുടെ അടുക്കലേക്ക് സമാധാനത്തോടെ പറഞ്ഞയച്ചു.

34 എന്നാൽ പൗലൊസും ബർന്നബാസും അന്ത്യൊക്യയിൽ പാർത്ത് മറ്റു പലരോടും കൂടി കർത്താവിന്റെ വചനം ഉപദേശിച്ചും സുവിശേഷിച്ചും കൊണ്ടിരുന്നു.

35 കുറേനാൾ കഴിഞ്ഞിട്ട് പൗലൊസ് ബർന്നബാസിനോട്: “നാം കർത്താവിന്റെ വചനം അറിയിച്ച പട്ടണംതോറും പിന്നെയും ചെന്ന് സഹോദരന്മാർ ക്രിസ്തുവിൽ എങ്ങനെയിരിക്കുന്നു എന്ന് അന്വേഷിക്കുക” എന്നു പറഞ്ഞു.

36 മർക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ട് പോകുവാൻ ബർന്നബാസ് ഇച്ഛിച്ചു.

37 പൗലൊസോ പംഫുല്യയിൽനിന്ന് തങ്ങളെ വിട്ട് പ്രവർത്തനങ്ങളിൽ തുടരാതെ പോയവനെ കൂട്ടിക്കൊണ്ട് പോകുന്നത് യോഗ്യമല്ല എന്ന് നിരൂപിച്ചു.

38 അങ്ങനെ അവർ തമ്മിൽ ഉഗ്രവാദമുണ്ടായിട്ട് വേർപിരിഞ്ഞു, ബർന്നബാസ് മർക്കൊസിനെ കൂട്ടി കപ്പൽകയറി കുപ്രൊസ് ദ്വീപിലേക്ക് പോയി.

39 പൗലൊസോ ശീലാസിനെ തിരഞ്ഞെടുത്ത് സഹോദരന്മാരുടെ പ്രാർത്ഥനയാൽ കർത്താവിന്റെ കൃപയിൽ ഭരമേല്പിക്കപ്പെട്ടിട്ട്

40 യാത്ര പുറപ്പെട്ട് സുറിയാ കിലിക്യ ദേശങ്ങളിൽക്കൂടി സഞ്ചരിച്ച് സഭകളെ ഉറപ്പിച്ചു പോന്നു.