2 Samuel 9 in Malayalam

1 പിന്നീട് ദാവീദ്: “ഞാൻ യോനാഥാന്റെ നിമിത്തം ദയ കാണിക്കേണ്ടതിന് ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും ശേഷിച്ചിരിക്കുന്നുവോ?” എന്ന് അന്വേഷിച്ചു.

2 എന്നാൽ ശൗലിന്റെ ഭവനത്തിൽ സീബാ എന്നു പേരുള്ള ഒരു ദാസൻ ഉണ്ടായിരുന്നു; അവർ അവനെ ദാവീദിന്റെ അടുക്കൽ വിളിച്ചുവരുത്തിയപ്പോൾ രാജാവ് അവനോട്: “നീ സീബയോ?” എന്നു ചോദിച്ചു. “അടിയൻ” എന്ന് അവൻ പറഞ്ഞു.

3 “ഞാൻ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിന് ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും ഉണ്ടോ?” എന്ന് രാജാവ് ചോദിച്ചതിന്: “രണ്ട് കാലും മുടന്തായിട്ട് യോനാഥാന്റെ ഒരു മകൻ ഉണ്ട്” എന്ന് സീബാ രാജാവിനോടു പറഞ്ഞു.

4 “അവൻ എവിടെ?” എന്ന് രാജാവ് ചോദിച്ചതിന്: “ലോദെബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിലുണ്ട്” എന്ന് സീബാ രാജാവിനോടു പറഞ്ഞു.

5 അപ്പോൾ ദാവീദ്‌രാജാവ് ആളയച്ചു, ലോദെബാരിൽനിന്ന് അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിൽനിന്ന് അവനെ വരുത്തി.

6 ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ അടുക്കൽ വന്നപ്പോൾ അവൻ സാഷ്ടാംഗം വീണ് നമസ്കരിച്ചു. ദാവീദ്: “മെഫീബോശെത്തേ” എന്നു വിളിച്ചതിന് “അടിയൻ” എന്ന് അവൻ ഉത്തരംപറഞ്ഞു.

7 ദാവീദ് അവനോട്: “ഭയപ്പെടണ്ടാ; നിന്റെ അപ്പനായ യോനാഥാൻ നിമിത്തം ഞാൻ നിന്നോട് നിശ്ചയമായി ദയകാണിച്ച് നിന്റെ പിതാവിന്റെ അപ്പനായ ശൗലിന്റെ നിലം മുഴുവനും നിനക്ക് മടക്കിത്തരും; നീയോ നിത്യം എന്റെ മേശയിൽ ഭക്ഷണം കഴിച്ചുകൊള്ളണം” എന്നു പറഞ്ഞു.

8 അവൻ നമസ്കരിച്ചുകൊണ്ട്: “ചത്ത നായെപ്പോലെ ഇരിക്കുന്ന അടിയനെ അങ്ങ് കടാക്ഷിക്കുവാൻ അടിയൻ എന്തുള്ളു?” എന്നു പറഞ്ഞു.

9 അപ്പോൾ രാജാവ് ശൗലിന്റെ ദാസനായ സീബയെ വിളിപ്പിച്ച് അവനോടു കല്പിച്ചത്: “ശൗലിനും അവന്റെ സകലഭവനത്തിനും ഉള്ളതെല്ലാം ഞാൻ നിന്റെ യജമാനന്റെ മകന് കൊടുത്തിരിക്കുന്നു.

10 നീയും നിന്റെ പുത്രന്മാരും വേലക്കാരും നിന്റെ യജമാനന്റെ മകന് ഭക്ഷിക്കുവാൻ ആഹാരം ഉണ്ടാകേണ്ടതിന് അവനുവേണ്ടി ആ നിലം കൃഷിചെയ്ത് അനുഭവം എടുക്കണം; എന്നാൽ നിന്റെ യജമാനന്റെ മകനായ മെഫീബോശെത്ത് നിത്യവും എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളും.” സീബയ്ക്കു പതിനഞ്ചുപുത്രന്മാരും ഇരുപത് വേലക്കാരും ഉണ്ടായിരുന്നു.

11 “എന്റെ യജമാനനായ രാജാവ് അടിയനോട് കല്പിക്കുന്നതെല്ലാം അടിയൻ ചെയ്യും” എന്ന് സീബാ രാജാവിനോട് പറഞ്ഞു. ദാവീദ്: “മെഫീബോശെത്ത്, രാജകുമാരന്മാരിൽ ഒരുത്തൻ എന്നപോലെ എന്റെ മേശയിൽ ഭക്ഷണം കഴിച്ചുകൊള്ളും” എന്നു പറഞ്ഞു.

12 മെഫീബോശെത്തിന് ഒരു ചെറിയ മകൻ ഉണ്ടായിരുന്നു; അവന് മീഖാ എന്നു പേര്. സീബയുടെ വീട്ടിൽ ഉള്ളവരെല്ലാം മെഫീബോശെത്തിന് ദാസന്മാരായ്ത്തീർന്നു.

13 ഇങ്ങനെ മെഫീബോശെത്ത് യെരൂശലേമിൽ വസിച്ചു രാജാവിന്റെ മേശയിൽ ഭക്ഷണം കഴിച്ചുപോന്നു; അവന് കാല് രണ്ടും മുടന്തായിരുന്നു.